നിങ്ങളുടെ കട്ടിലിനടയിൽ നിങ്ങളറിയാതെ ആരേലും ഉണ്ടെങ്കിലോ? - Sleep Tight( 2011)/സ്ലീപ് ടൈറ്റ് (2011)

ത്രില്ലർ /സ്പാനിഷ്
1മണിക്കൂർ 42മിനിറ്റ്
7.2/10


ചില സിനിമകൾ കണ്ട് കഴിയുമ്പോ നമ്മൾക്ക് ഒരുതരം അസ്വസ്ഥത ഉണ്ടാവാറില്ലേ.പടം കണ്ട് കഴിഞ്ഞു കുറെ നേരം ചിന്തിക്കുമ്പോൾ ഉണ്ടാകുന്ന ഒരുതരം മാനസികാവസ്ഥ.അത്തരം ഒരു അവസ്ഥ പ്രേക്ഷകർക്ക് ഈ സ്പാനിഷ്പടം കണ്ട് കഴിയും ഉണ്ടാകും എന്ന് തീർച്ച.പടത്തിലുടനീളം മികച്ച പ്രകടനവും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒട്ടനവധി കാര്യങ്ങളും നമുക്ക് കാണാം.കണ്ടിട്ടില്ലാത്തവർ കണ്ട് നോക്കുക.വ്യത്യസ്തമായ ക്ലൈമാക്സും പടം കണ്ട് കഴിഞ്ഞപ്പോ ഇഷ്ടപ്പെടാൻ കാരണമായി.


കഥയിലേക്ക് വന്നാൽ :

ജീവിതത്തിൽ ഉടനീളം സന്തോഷം എന്തെന്ന് പോലും അറിഞ്ഞിട്ടില്ലാത്ത ഒരാൾ ചുറ്റുമുള്ള ആളുകളുടെ സന്തോഷം ഇല്ലാതാക്കാൻ ശ്രമിക്കുന്നു. അപ്പാർട്ട്മെന്റിൽ സൂക്ഷിപ്പുകാരനായ സീസർ സന്തോഷം എന്തെന്നറിയാത്ത ഒരാളാണ്. അതിനാൽ തന്നെ ഫ്‌ളാറ്റിൽ ആരും സന്തോഷമായി ഇരിക്കാൻ അയാൾ ആഗ്രഹിക്കുന്നില്ല. മനുഷ്യരുടെ മനസ്സിലേക്ക് വിഷാദം തള്ളിവിട്ട് ഗൂഢമായി ഉള്ളിൽ ചിരിക്കുന്ന സാഡിസ്റ്റ് ആണയാൾ.


 ഫ്‌ളാറ്റിലെ പലരുടെയും സന്തോഷം അയാൾ അപ്രകാരം നശിപ്പിക്കുന്നു. എന്നാൽ ഒരാളുടെ കാര്യത്തിൽ മാത്രം അയാൾക്ക് അപ്രതീക്ഷിതമായി പിഴവ് സംഭവിക്കുന്നു.

ഫ്‌ളാറ്റിലെ താമസക്കാരിയായ ക്ലാര സുന്ദരിയും സദാ സന്തോഷവതിയുമാണ്. അവളുടെ സന്തോഷവും മുഖത്തെ ചിരിയും എന്നെന്നേക്കുമായി ഇല്ലാതാക്കണം എന്ന് സീസർ തീരുമാനിക്കുന്നു. അതിനായി രാത്രിയിൽ സീസർ ക്ലാരയുടെ മുറിയിൽ അവളറിയാതെ കയറിപ്പറ്റുന്നു. അവൾ പോലുമറിയാതെ അവളെ പല വിധത്തിൽ ദ്രോഹിക്കുന്നു.. എന്നാൽ ഇതൊന്നും ക്ലാരയുടെ മുഖത്തെ ചിരി ഇല്ലാതെയാക്കുന്നില്ല. ഇത് സീസറിനെ കടുത്ത തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിക്കുന്നു.

ഒട്ടനവധി സ്പാനിഷ് ത്രില്ലറുകൾ കണ്ടവരാകും നമ്മൾ.ആ ലിസ്റ്റിലേക്ക് ദേ ഈ പടം കൂടി ചേർക്കണം.
സാധാരണ സൈക്കോ ത്രില്ലർ സിനിമകളിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന ഒരു അവസാനമല്ല ഈ ചിത്രത്തിന്റേത് എന്ന് തീർച്ചയായും പറയാൻ സാധിക്കും. മികച്ച കൈയടക്കത്തോടെ ചെയ്തിരിക്കുന്ന സിനിമ, ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് സംതൃപ്തി തരുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.

Suggestions

Name

Email *

Message *