യഥാർത്ഥ കൊലയാളിയെ കണ്ടെത്തിയത് 33 വർഷങ്ങൾക്ക് ശേഷം -Memories of Murder(2003)/മെമ്മറീസ് ഓഫ് മർഡർ (2003)

ത്രില്ലർ /കൊറിയൻ
8.1/10


സീരിയൽ കില്ലർ ചിത്രങ്ങളിൽ എക്കാലവും ഓർത്തിരിക്കുന്ന പടങ്ങളിൽ ഒന്ന്.പറയാൻ കാരണങ്ങൾ ഒരുപാടുണ്ട്.സാധരണ സീരിയൽ കില്ലർ പടങ്ങളിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ചേരുവകളും വച്ച് ഒരുക്കിയ പടം.കാരണം എന്ന് പറഞ്ഞത് മറ്റൊന്നുമല്ല താനും.ഈ പടം ഒരുക്കിയിരിക്കുന്നത് യഥാർത്ഥ സംഭവത്തെ ബേസ് ചെയ്താണ്.അതുകൊണ്ട് തന്നെ ചിത്രം കാണുമ്പോ ഉള്ള ഞെട്ടലും സ്വഭാവികം.കൊറിയയിൽ ഉണ്ടായിരുന്ന സീരിയൽ കില്ലർ കൊലപാതകങ്ങളെ പടത്തിൽ അവതരിപ്പിച്ച രീതിയും നന്നായി ഇഷ്ടപ്പെട്ട ഒന്നാണ്.പ്രേക്ഷകനെ നല്ലപോലെ ത്രില്ലെടിപ്പിക്കാനും ഒരുതരത്തിലും ബോറടിപ്പിക്കാത്ത സ്ക്രീൻപ്ലേ ഉം ആണ് പടത്തിൽ.സീരിയൽ കില്ലർ പടങ്ങളുടെ ആരാധകർ ഉറപ്പായും പടം കണ്ട് കാണും എന്നറിയാം.കാണാത്തവരുണ്ടേൽ മിസ്സ് ചെയ്യരുത്.ത്രില്ലർ പ്രേമികൾ എന്തായാലും കാണേണ്ട പടമാണ്.


കഥയിലേക്ക് വന്നാൽ :

മഴ... രാത്രി... ചുവന്ന വസ്ത്രം... 'സാഡ് ലെറ്റർ' എന്ന പാട്ട്... ദക്ഷിണ കൊറിയയിലെ ആ ഉൾനാടൻ ഗ്രാമത്തിൽ, കണ്ണെത്താ ദുരത്തോളം വിശാലമായി കിടക്കുന്ന പാടങ്ങൾക്ക് നടുവിലെവിടെയോ, വീണ്ടും സംഭവിക്കാൻ പോവുന്ന ഒരു കൊലപതകത്തിന് മുന്നോടിയായുള്ള ചില ദുഃസൂചനകൾ ആയിരുന്നു അത്. കയ്യും കാലും പിന്നിലേക്ക് കൂട്ടിക്കെട്ടി, മുഖം അടിവസ്ത്രം കൊണ്ട് പൊതിഞ്ഞ്, ക്രൂരമായ റേപ്പ് ന് ഇരയായി, സ്റ്റോക്കിങ്ങ്സ് കൊണ്ട് കഴുത്ത് ഞെരിച്ചു കൊല്ലപ്പെട്ട രീതിയിൽ സുന്ദരികളായ യുവതികളുടെ മൃതദേഹങ്ങൾ പ്രത്യക്ഷപ്പെടുന്നത് പതിവാകുമ്പോൾ, ഡിറ്റക്റ്റീവ് പാർക്ക് ഡു മാനും സഹായി ചോയ് യോങ് കു വും അന്വേഷണങ്ങളുമായി ഇറങ്ങിത്തിരിക്കുന്നു. 

1986 ൽ ദക്ഷിണ കൊറിയയിലെ ഗ്യേങ്ങ്ങി എന്ന ഗ്രാമപ്രദേശത്ത് യഥാർത്ഥത്തിൽ അരങ്ങേറിയ കൊലപാതക പരമ്പരയെ ബേസ് ചെയ്ത് നിർമിച്ച ക്രൈം ഡ്രാമയാണ് മെമ്മറീസ് ഓഫ് മർഡർ. മഴയുള്ള രാത്രികളിൽ ക്രൂരമായി കൊല്ലപ്പെടുന്ന യുവതികൾ, ഇരുളിൽ മറഞ്ഞിരുന്ന് ഇരപിടിക്കുന്ന സമർത്ഥനായ കൊലയാളി, ഒട്ടും പ്രയോഗികമല്ലാത്തതും അശാസ്ത്രീയവുമായ അന്വേഷണ രീതികൾ പിന്തുടർന്ന് ഇരുട്ടിൽ തപ്പുന്ന രണ്ട് കുറ്റാന്വേഷകർ. ഇത്രയുമായിരുന്നു ഒരു നാടിനെയാകെ ഭീതിയിലാഴ്ത്തിയ പരമ്പര കൊലപാതക കഥയുടെ ആദ്യ രൂപം.പട്ടാള ഭരണത്തിൽ തകിടം മറിഞ്ഞു കിടക്കുന്ന സാമൂഹിക വ്യവസ്ഥിതിയുള്ള സമയമായിരുന്നു കൊറിയയിൽ അന്ന്. കുറ്റാന്വേഷണമെല്ലാം അതിന്റെ ബാല പാഠങ്ങൾ പഠിച്ചു തുടങ്ങുന്ന സയവും. കുറ്റമറ്റ അന്വേഷണങ്ങൾ നടത്താതെ സംശയം തോന്നിയവരെയൊക്കെ പിടിച്ചു കെട്ടി പ്രാകൃതമായ രീതിയിൽ പീഡനങ്ങൾ ഏൽപ്പിച്ച് കുറ്റ സമ്മതം നടത്തിച്ച് കേസ് പെട്ടന്ന് ഒതുക്കാനുള്ള വ്യഗ്രതയായിരുന്നു ആ രണ്ട് ഡീറ്റെക്ടിവുകളുടെ ഭാഗത്ത്‌ നിന്നുണ്ടായിരുന്നത്. അത് കൊണ്ട് തന്നെ യഥാർത്ഥ കൊലയാളിയും അയാൾക്കെതിരെയുള്ള തെളിവുകളും അവരുടെ കണ്ണുകളിൽ നിന്നും മറഞ്ഞു കിടന്നു. സീയോളിൽ നിന്നുള്ള യുവ ഡിറ്റക്റ്റീവ് സീയോ തേയ് സുൺ അന്വേഷണങ്ങളിൽ ഇൻവോൾവ് ആവുന്നത് മുതലാണ് കാര്യങ്ങളിൽ മാറ്റം വരുന്നത്.

അയാളുടെ ബുദ്ധി പൂർവ്വമായ അന്വേഷണങ്ങൾ അവരെ പുതു വഴികളിലേക്ക് നയിക്കുന്നു. എങ്കിൽ പോലും വീണ്ടും സംഭവിക്കുന്ന കൊലപാതകങ്ങൾ തടയാനോ കൊലയാളിയെ കണ്ടെത്താനോ അവർക്ക് സാധിക്കുന്നില്ല. നിയമത്തിലെ പഴുതുകളും ഉന്നതരുടെ നിസ്സഹകരണവും അവരുടെ മുന്നേറ്റത്തിന് തടയിടുകയും കൂടെ ചെയ്യുന്നതോടെ കടുത്ത സമ്മർദ്ദത്തിലാവുകയാണ് ആ അന്വേഷകർ. 

കണ്ട് കഴിഞ്ഞാലും മനസ്സിനെ വേട്ടയാടുന്ന ചിത്രമാണ് മെമ്മറിസ് ഓഫ് മർഡർ. പ്രത്യേകിച്ചും ആ ക്ലൈമാക്സ്‌ രംഗങ്ങളിലെ കൊച്ച് കുട്ടിയും പാർക്ക്‌ ഡു മാനും തമ്മിലുള്ള സംഭാഷണങ്ങൾ. കണ്ടവരാരും ആ സംഭാഷണങ്ങൾ മറക്കാൻ വഴിയില്ല. അത് പോലെ എൻഡിങ്ങിന് തൊട്ട് മുൻപുള്ള പാർക്ക് ഡു മാന്റെ ആ നോട്ടവും. 
ക്രൈം സീനുകളിലെ ഭീകരതയും, ഇരകളുടെ നിസ്സഹായവസ്ഥയും, കൊലയാളിയുടെ ക്രൂരതയും, എങ്ങുമെത്താത്ത അന്വേഷണങ്ങളും എല്ലാം ഒരു ഒരു മരവിപ്പോടെ കണ്ടിരിക്കുന്ന പ്രേക്ഷകനിൽ വല്ലാത്തൊരു തരം മാനസികാവസ്ഥ സൃഷ്ടിക്കുന്ന ക്ലൈമാക്സ്‌ ആയിരുന്നു അത്.


കൊറിയൻ സിനിമപ്രേമികൾക്കിടയിൽ പരിചയപ്പെടുത്തൽ തീരെ ആവശ്യമില്ലാത്ത സിനിമയാണിതെന്ന് അറിയാം. എങ്കിലും ഇനിയും കാണാത്തവരുണ്ടേൽ തീർച്ചയായും കണ്ട് നോക്കുക.

ലോക സിനിമയിൽ തന്നെ ഫോർത്ത് വാൾ ബ്രേക്കിംഗ് സീൻ ഇത്രയും ഗംഭീരമായി പ്ലെയ്സ് ചെയ്ത മറ്റൊരു സിനിമ വേറെയുണ്ടാകില്ല എന്ന് തന്നെ പറയേണ്ടി വരും.

വർഷങ്ങളോളം കൊറിയൻ പോലിസ് ഡിപ്പാർട്ട്മെന്റിനെയിട്ട് വട്ടം കറക്കിയ പ്രതിയെ 33 വർഷങ്ങൾക്കിപ്പുറം 2019ൽ അറസ്റ്റ് ചെയ്യുകയുണ്ടായി.

Suggestions

Name

Email *

Message *